ബാലസൂര്യന്‍    വ്യത്യസ്ത കഴിവുകളുള്ള വിദ്യാര്‍ത്ഥി പ്രതിഭകളെ പരിചയപ്പെടുത്തുന്ന തത്സമയ പ്രഭാത പരിപാടിയാണ് ബാലസൂര്യന്‍.  പ്രതിഭകള്‍ മറ്റു കുട്ടികള്‍ക്ക് എന്നും പ്രചോദനവും, മാതൃകയും, വഴികാട്ടിയുമാണ്.  അവരെ കണ്ടെത്തി പ്രേക്ഷക സമക്ഷം സമര്‍പ്പിക്കപ്പെടുന്ന തികച്ചും ഗൗരവമേറിയ പരിപാടിയാണിത്.  എഴുത്തില്‍, സംഗീതത്തില്‍, നൃത്തത്തില്‍, വരയില്‍, സാങ്കേതിക വിദ്യയില്‍ തുടങ്ങി വിഭിന്നങ്ങളായ മേഖലകളില്‍ തിളങ്ങുന്നവരാണ് ബാലസൂര്യനില്‍ അതിഥികളായി എത്തുന്നത്. ...

കുട്ടികള്‍ ആങ്കര്‍ ചെയ്യുന്ന ഈ പരിപാടി കൈറ്റ്-വിക്ടേഴ്സ് അവതരിപ്പിക്കുന്ന മികച്ച പരിപാടികളില്‍ ഒന്നാണ്.  എല്ലാ വ്യാഴവും, വെള്ളിയും രാവിലെ 07 മണിമുതല്‍ 08 മണിവരെ തത്സമയ സംപ്രേഷണമുള്ള പരിപാടിയാണിത്. പ്രതിഭകളുടെ അഭിമുഖത്തോടൊപ്പം അവരുടെ ലൈവ് പ്രകടനവും ഈ പരിപാടിയില്‍ സംപ്രേഷണം ചെയ്യുന്നു.  ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ മൊഴിമുത്തുകള്‍ എന്ന ഭാഗത്ത് സാമൂഹിക സാംസ്കാരിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളുടെ സാന്നിദ്ധ്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്.  കുട്ടികളിലെ മാനസിക ശാരീരിക സമ്മര്‍ദ്ദം പരിഹരിക്കപ്പെടുന്നതിന് വേണ്ടിയുള്ള യോഗാ ക്ലാസ്സും  പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  കുട്ടികളിലെ വായനാശീലം വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ പുസ്തക പരിചയം എന്ന ഭാഗത്ത് വിവിധ അവാര്‍ഡുകള്‍ നേടിയ പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങളെ പരിചയപ്പെടുത്തുന്നു.  ഇങ്ങനെ വിവിധ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി വര്‍ണ്ണശബളമായ രീതിയില്‍ അവതരിപ്പിക്കപ്പെടുന്ന ബാലസൂര്യനെക്കുറിച്ചുള്ള അഭിപ്രായങ്ങളും, നിര്‍ദേശങ്ങളും, അതിഥികളായി എത്തപ്പെടേണ്ട കുട്ടികളുടെ വിവരങ്ങളും victersbalasooryan@gmail.com എന്ന ഇമെയില്‍ മുഖാന്തിരം അറിയിക്കുവാനുള്ള സംവിധാനവും ഉണ്ട്. 

നിര്‍മ്മാണം: കൈറ്റ് വിക്ടേഴ്സ്.